National
മുംബൈ: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ കാരണങ്ങളെക്കുറിച്ച് വ്യോമാപകട അന്വേഷണ ബ്യൂറോ (എഎഐബി) തയ്യാറാക്കുന്ന പ്രാഥമികാന്വേഷണ റിപ്പോർട്ട് ഉടൻ പ്രതീക്ഷിക്കുന്നതായി വ്യോമയാനമന്ത്രി കെ.രാംമോഹൻ നായിഡു. സുതാര്യമായ അന്വേഷണത്തിനാണു മന്ത്രാലയം ഊന്നൽനൽകുന്നതെന്നും മന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര സിവിൽ വ്യോമയാന സംഘടനയുടെ (ഐസിഎഒ) ചട്ടപ്രകാരം അപകടമുണ്ടായി ഒരുമാസത്തിനുള്ളിൽ എഎഐബി റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.
കഴിഞ്ഞമാസം 12 നാണ് ലണ്ടനിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിംഗ് 787-8 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് സെക്കൻഡുകൾക്കകം തൊട്ടടുത്ത മെഡിക്കൽ കോളജ് ഹോസ്റ്റലിനു മുകളിൽ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 241 പേരുൾപ്പെടെ 260 പേർ കൊല്ലപ്പെട്ടു. ഒരു യാത്രക്കാരൻ മാത്രമാണു രക്ഷപെട്ടത്.
National
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ 171 ബോയിംഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ബോക്സിൽനിന്ന് നിർണായക വിവരങ്ങൾ ശേഖരിച്ച് വിശകലനം തുടങ്ങി. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. ബ്ലാക്ക് ബോക്സുകൾക്ക് പുറമെ കോക്ക്പിറ്റ് വോയ്സ് റിക്കാർഡർ (സിവിആർ), ഫ്ലൈറ്റ് ഡാറ്റ റിക്കാർഡർ (എഫ്ഡിആർ) എന്നിവയുടെ വിശകലനം പുരോഗമിക്കുകയാണെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
വിമാനത്തിൽ ഒരു ബ്ലാക്ബോക്സിൽനിന്നു ക്രാഷ് പ്രൊട്ടക്ഷൻ മൊഡ്യൂൾ (സിപിഎം) സുരക്ഷിതമായി വീണ്ടെടുത്തതായും മെമ്മറി മോഡ്യൂളിൽ നിന്നുള്ള വിവരങ്ങൾ എഎഐബിയുടെ ലാബിൽ ബുധനാഴ്ച ഡൗണ്‍ലോഡ് ചെയ്ത് എടുത്തതായും ഡിജിസിഎ ഇന്നലെ അറിയിച്ചു.
ബ്ലാക്ക് ബോക്സ്, സിവിആർ, എഫ്ഡിആർ തുടങ്ങിയവയിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
അപകടത്തിലേക്കു നയിച്ച കാര്യങ്ങളെക്കുറിച്ചും ദുരന്തത്തിന് മുൻപുണ്ടായ സംഭാഷണങ്ങൾ, വിമാനത്തിലെ സാഹചര്യം, പൈലറ്റ് നൽകിയ നിർദേശം, കോക്പിറ്റിലെ സംഭാഷണം, വിമാനത്തിനുള്ളിലെ മുന്നറിയിപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ ബ്ലാക് ബോക്സ് പരിശോധിക്കുന്നതിലൂടെ മനസിലാക്കാം. വിമാനത്തിലെ രണ്ട് ബ്ലാക് ബോക്സുകളും കണ്ടെടുത്തിരുന്നു.
ഇതോടൊപ്പം വിമാനത്തിൽ ഇന്നും കണ്ടെടുത്ത സിവിആർ, എഫ്ഡിആർ എന്നിവയുടെ ഗതാഗതം, സൂക്ഷിക്കൽ തുടങ്ങിയ കാര്യങ്ങൾ സാധാരണ നടപടിക്രമങ്ങൾ അനുസരിച്ചാണ് പൂർത്തിയാക്കിയതെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.
ജൂണ്‍ 13ന് എഫ്ഡിആറും 16ന് സിവിആറും കണ്ടെടുത്തത്തിരുന്നു. വ്യോമസേന വിമാനത്തിൽ ജൂണ്‍ 24നാണ് ഇവയെല്ലാം ഡൽഹിയിൽ എത്തിച്ചത്. തീപിടിത്തത്തിൽ ബ്ലാക് ബോക്സിന് കേടുപാടുകൾ സംഭവിച്ചതായും ഈ സാഹചര്യത്തിൽ വിവരങ്ങൾ വീണ്ടെടുക്കുന്നതിനായി ബ്ലാക് ബോക്സ് അമേരിക്കയിലേക്ക് അയക്കാൻ സാധ്യതയുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ വ്യോമയാന മന്ത്രിതന്നെ ഇത് നിഷേധിച്ച് രംഗത്ത് എത്തിയിരുന്നു.
എഎഐബിയുടെ ഡയറക്ടർ ജനറൽ, ഒരു വ്യോമയാന വിദഗ്ധൻ, എയർ ട്രാഫിക് കണ്‍ട്രോളിൽനിന്ന് ഒരു ഉദ്യോഗസ്ഥൻ, വിമാന നിർമാണ കന്പനിയുടെ മാതൃരാജ്യത്ത് (യുഎസ്എ) നിന്ന് നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിലെ ഒരു ഉദ്യോഗസ്ഥൻ തുടങ്ങിയവരാണ് അപകട കാരണങ്ങൾ കണ്ടെത്തുന്നതിന് രൂപീകരിച്ച അന്വേഷണ സംഘത്തിലുള്ളത്. അന്തരാഷ്ട്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം രൂപീകരിച്ചത്.
Kerala
സ്വന്തം ലേഖകൻ
പുല്ലാട് (പത്തനംതിട്ട): അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പുല്ലാട് - കൊഞ്ഞോണ്‍ വീട്ടില്‍ രഞ്ജിത ജി. നായര്‍ (39)ക്ക് നാടിന്റെ കണ്ണീർമൊഴി. കഴിഞ്ഞ 12നുണ്ടായ വിമാനദുരന്തത്തിൽപ്പെട്ട രഞ്ജിതയുടെ മൃതദേഹം ഇന്നലെയാണ് നാട്ടിലെത്തിച്ചു സംസ്കരിച്ചത്.
അഹമ്മദാബാദില്‍നിന്നു ഡല്‍ഹിവഴി ഇന്നലെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ ഭൗതികാവശിഷ്ടങ്ങൾ അടക്കം ചെയ്ത പേടകം എത്തുന്പോൾ ബന്ധുക്കളും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേര് കാത്തുനിന്നിരുന്നു. സഹോദരന് രതീഷും ബന്ധു ഉണ്ണിക്കൃഷ്ണനും മൃതദേഹത്തെ അനുഗമിച്ചു. രഞ്ജിതയുടെ ബന്ധുക്കളും കുടുംബാംഗങ്ങളും ഏറ്റുവാങ്ങിയ മൃതദേഹത്തില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി മന്ത്രിമാരായ വി.എന്‍. ശിവന്‍കുട്ടിയും ജി.ആർ. അനിലും ആദരാഞ്ജലിയര്‍പ്പിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് ജോസഫ് എം. പുതുശേരി തുടങ്ങിയവരും വിമാനത്താവളത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
വിലാപയാത്രയായി രഞ്ജിത പഠിച്ച പുല്ലാട് ശ്രീവിവേകാനന്ദ ഹൈസ്കൂളില്‍ രാവിലെ 9.45 ഓടെ എത്തി. മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോഴേക്കം ജീവിതത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാൻ കാത്തുനിന്നു. നാടിനും വീടിനും ഏറെ പ്രിയപ്പെട്ടവളായിരുന്ന രഞ്ജിതയുടെ ഭൗതികശരീരം അടക്കം ചെയ്ത പേടകം കണ്ട് ആളുകൾ വിങ്ങിപ്പൊട്ടി.
മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ കേന്ദ്രമന്ത്രി പ്രഫ. പി.ജെ. കുര്യൻ, യാക്കോബായ സഭ മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്, ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിക്കാനെത്തിയിരുന്നു.
1.30 ഓടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോഴേക്കും ദുഃഖം അണപൊട്ടിയൊഴുകി. 12 ദിവസമായി സങ്കടം ഉള്ളിൽ സൂക്ഷിച്ച അമ്മ തുളസിയും രഞ്ജിതയുടെ മക്കളായ ഇന്ദുചൂഡനും ഇതികയും അലമുറയിട്ടു. വീട്ടിലും നിരവധിയാളുകൾ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടത്തിയത്. മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി വൈകുന്നേരം അഞ്ചോടെ മകൻ ഇന്ദുചൂഡൻ, സഹോദര പുത്രന്മാരായ കാശിനാഥ്, ശിവറാം എന്നിവർ രഞ്ജിതയുടെ ചിതയ്ക്കു തീ കൊളുത്തി.
Kerala
കോഴഞ്ചേരി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി. നായരുടെ (39) മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം സ്വദേശമായ പുല്ലാട്ട് രാവിലെ 11 ന് കൊണ്ടുവരും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്കൂളില്‍ 2.30 വരെ പൊതുദര്‍ശനം. സംസ്കാരം വൈകുന്നേരം 4.30ന് വീട്ടുവളപ്പില്‍.
അമ്മ തുളസിയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇന്നലെ രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അഹമ്മദാബാദിലുണ്ടായിരുന്ന സഹോദരൻ രതീഷിനെ അധികൃതർ ഇക്കാര്യം അറിയിച്ചതോടെ ആശുപത്രിയിൽ ഇവരുടെ സാന്നിധ്യത്തിൽ മൃതദേഹം എംബാം ചെയ്ത് പ്രത്യേക പേടകത്തിലാക്കി. തുടർന്ന് ഇന്നലെ രാത്രി 11.45ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലേക്ക് കയറ്റിവിട്ട മൃതദേഹം പുലർച്ചെ 1.45ന് അവിടെ എത്തിച്ച് 3.28നുള്ള തിരുവനന്തപുരം വിമാനത്തിൽ കയറ്റി 6.50ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിക്കാനാണ് തീരുമാനം. അപകടത്തെത്തുടർന്ന് മൃതദേഹം തിരിച്ചറിയാനായി അഹമ്മദാബാദിലെത്തിയ സഹോദരൻ രതീഷ് ജി. നായരും ബന്ധു ഉണ്ണിക്കൃഷ്ണനും അനുഗമിക്കും.
ഡിഎൻഎ പരിശോധനയ്ക്കായി രതീഷിന്റെ രക്തസാന്പിളുകൾ കഴിഞ്ഞ 15നു തന്നെ ശേഖരിച്ചിരുന്നെങ്കിലും ഫലം ലഭ്യമാകാതെ വന്നതോടെയാണ് നാട്ടിലുള്ള മാതാവ് തുളസിയുടെയും മകൻ ഇന്ദുചൂഡന്റെയും രക്തസാന്പിളുകൾ ശേഖരിച്ച് അഹമ്മദാബാദിലെത്തിച്ച പരിശോധന നടത്തിയത്.
പൂർണമായി കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ നിന്നും വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും പാദരക്ഷകളും ലഭിച്ചിരുന്നു. ആന്തരിക അവയവയങ്ങളുടെ പരിശോധനയിലൂടെയാണ് സ്ഥിരീകരണം ഉണ്ടായത്.
ഇത് ഹൈദരബാദിലുള്ള ബന്ധുക്കളെ സാക്ഷ്യപ്പെടുത്തിയിരുന്നു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ എംബാം ചെയ്ത് പ്രത്യേക പെട്ടിയിലായിരിക്കും നാട്ടിലെത്തിക്കുന്നത്. പെട്ടി തുറക്കരുതെന്ന നിര്‍ദേശമാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.
256 മൃതദേഹങ്ങൾ കൈമാറി
അഹമ്മദാബാദ്: അഹമ്മദാബാദിലെ എയർ ഇന്ത്യ വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട 259 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. ഇതിൽ 199 ഇന്ത്യക്കാരും യുകെ, പോർച്ചുഗൽ, കാനഡ എന്നിവിടങ്ങളിൽനിന്നുള്ള 60 പേരും ഉൾപ്പെടും. 256 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറി.
ബ്രിട്ടീഷുകാരായ മൂന്നുപേരുടെ മൃതദേഹങ്ങൾ ജന്മനാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അഹമ്മദാബാദ് സിവിൽ ആശുപത്രി അധികൃതർ അറിയിച്ചു.
കൊല്ലപ്പെട്ട 259 പേരിൽ 253 പേരെ ഡിഎൻഎ പരിശോധനയിലൂടെയാണു തിരിച്ചറിഞ്ഞത്. ആറുപേരെ മുഖത്തിന്റെ ആകൃതി വിശകലനം ചെയ്തുമാണ് തിരിച്ചറിഞ്ഞത്.
NRI
പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശി രഞ്ജിത ജി. നായരുടെ ഭവനം പ്രവാസി സംസ്കൃതി അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികൾ സന്ദർശിച്ചു.
രഞ്ജിത ഒന്‍പത് വർഷം ഒമാനിലെ സലാലയിലുള്ള സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ നഴ്സായിരുന്നു. വിശേഷദിനങ്ങളിലെ സംഘടനയുടെ ചടങ്ങുകളിൽ രഞ്ജിതയും മക്കളും പങ്കെടുത്തിരുന്ന കാര്യങ്ങൾ ജനറൽ സെക്രട്ടറി ബിജു ജേക്കബ് ഓർമിച്ചു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സാമുവൽ പ്രക്കാനം, ജില്ലാ പ്രസിഡന്റ് വർഗീസ് മാത്യു, നൗഷാദ് റാവുത്തർ വെണ്ണിക്കുളം എന്നിവരും സംഘത്തിലുണ്ടായിരുന്നു.